ധീരനായി വിനോദ്; ആക്കുളം കായലിൽ ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം : ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുകാരിയെ, ഓട്ടോറിക്ഷാ ഡ്രൈവറുടെ ധീരമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം.
പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ടപ്പോൾ അതുവഴി വന്ന വെള്ളായണി സ്വദേശിയായ ഓട്ടോ ഡ്രൈവർ വിനോദ് ഉടൻ തന്നെ കായലിലേക്ക് ചാടുകയായിരുന്നു.

പെൺകുട്ടി മുങ്ങിപ്പോകാതിരിക്കാൻ ഇദ്ദേഹം അവളെ താങ്ങിനിർത്തി.
തുടർന്ന്, ഫയർ ഫോഴ്സ് എത്തി ഇരുവരെയും കായലിൽ നിന്ന് രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് തുമ്പ പോലീസും സ്ഥലത്തെത്തിയിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു ഈ വിദ്യാർത്ഥിനി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ കഴക്കൂട്ടം പോലീസിൽ പരാതി നൽകാനൊരുങ്ങുന്നതിനിടയിലാണ് അവൾ കായലിൽ ചാടിയ വിവരം പുറത്തറിയുന്നത്. ഓട്ടോ ഡ്രൈവറായ വിനോദിൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്.