വികസിത കേരളം’: ബിജെപി പ്രകടന പത്രിക പുറത്തിറക്കി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം

തിരുവനന്തപുരം: ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന പ്രഖ്യാപനവുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിൽ ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്നതാണ് പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതികളും, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാതയും നടപ്പിലാക്കുമെന്നും ബിജെപി ഉറപ്പുനൽകുന്നു.​

ക്ഷേമപദ്ധതികളുടെ കാര്യത്തിലും വമ്പൻ പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. നിർധന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും. ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റർ സൗജന്യ കുടിവെള്ളവും ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കുമെന്നതും വോട്ടർമാരെ ആകർഷിക്കാനുള്ള പ്രധാന വാഗ്ദാനങ്ങളാണ്. സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ പുനഃസംഘടിപ്പിക്കുമെന്നും, ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് സിബിഐ അന്വേഷിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങൾ വിശ്വാസികളെയും ഹിന്ദു വോട്ടുകളെയും ലക്ഷ്യം വെച്ചുള്ളതാണ്.​

തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വി.വി. രാജേഷ് എന്നിവർക്ക് പുറമെ സഖ്യകക്ഷികളായ ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റം ലക്ഷ്യമിട്ടുള്ള വികസന കാഴ്ചപ്പാടുകളാണ് പത്രികയിലൂടെ മുന്നണി മുന്നോട്ട് വെക്കുന്നത്.