തൃശൂർ: ഒളരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. കിറ്റുകൾ ഓർഡർ ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 900 രൂപ വിലമതിക്കുന്ന 26 കിറ്റുകൾ പിടിച്ചെടുത്തു. 18 ഇനങ്ങൾ അടങ്ങിയ ഏകദേശം 75 കിറ്റുകൾ തയ്യാറാക്കിയതിൽ 50 എണ്ണം ഇതിനോടകം വിതരണം ചെയ്തതായി കടയുടമ സമ്മതിച്ചു. രാധാകൃഷ്ണൻ പറഞ്ഞിട്ടാണ് വിഷു കിറ്റുകൾ തയ്യാറാക്കിയതെന്നാണ് കടയുടമയുടെ വിശദീകരണം. സംഭവത്തെത്തുടർന്ന് സൂപ്പർമാർക്കറ്റ് പൊലീസ് അടപ്പിച്ചു.
ബിജെപി പണവും മദ്യവും കിറ്റും നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാർ ആരോപിച്ചു. കേന്ദ്ര നേതാക്കൾ പെട്ടിയിൽ പണവുമായാണ് എത്തുന്നതെന്നും, 2024ൽ ചെയ്തത് ബിജെപി ആവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൂപ്പർമാർക്കറ്റിന്റെ പിൻവശം വഴി രഹസ്യമായാണ് വിതരണം നടന്നതെന്നും ബിജെപി നേതാവ് നിർദ്ദേശിച്ചതനുസരിച്ചാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയതെന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു. നഗ്നമായ ചട്ടലംഘനമാണ് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും ഇടത് മുന്നണി ആവശ്യപ്പെട്ടു.
