ബലാത്സംഗക്കേസ്: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കി

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് നിലവില്‍ സസ്‌പെന്‍ഷനിലുണ്ടായിരുന്ന രാഹുലിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടപടിയെടുത്തത്. രാഹുല്‍ മാതൃകാപരമായി എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ആക്ഷേപം വന്ന ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുലിനെ നീക്കം ചെയ്ത കോണ്‍ഗ്രസ് മാതൃകാപരമായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പരാതി ലഭിച്ച ഉടന്‍ ഡിജിപിക്ക് കൈമാറുകയും നേതാക്കളുമായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച നടത്തിയ ശേഷം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.