പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ പി.കെ ശശിയെ സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി ഉണ്ടായത്. സി.പി.എമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണിതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണിതെന്നും ശശി വേദിയിൽ വ്യക്തമാക്കിയിരുന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് ഇത്തരമൊരു കൺവെൻഷൻ സംഘടിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതികളായെന്നും ഇതിനെ ചോദ്യം ചെയ്തവരെ വേട്ടയാടുകയാണെന്നും ശശി ആരോപിച്ചു. സർക്കാരിന്റെയും ഭരണത്തിന്റെയും സ്വാധീനം ഉപയോഗിച്ച് ചിലർ തോന്നിവാസം നടത്തുകയാണെന്നും കള്ളുകുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിമാരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്ന സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരംതാഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്ന് പിരിച്ചുവിട്ടവർ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുത്തതെന്ന് ശശി അവകാശപ്പെട്ടു. വിമത കൺവെൻഷൻ എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇത് പാർട്ടിക്കുള്ളിലെ അനീതിക്കെതിരെയുള്ള കൂട്ടായ്മയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന വിലയിരുത്തലിലാണ് സി.പി.എം അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്.
