ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം രാജി സമർപ്പിച്ചത്. കോട്ടയം മണ്ണാനം സ്വദേശിയും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അദ്ദേഹം 2022 നവംബർ മുതലാണ് ബംഗാൾ ഗവർണറായി ചുമതലയേറ്റത്. ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചെങ്കിലും രാജിക്കത്തിൽ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന സർക്കാരുമായി നിരന്തരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മടക്കം. നിലവിലെ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിക്കാനാണ് തീരുമാനം. അതേസമയം, ആനന്ദബോസിനെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതാണെന്നും ഈ തീരുമാനം തന്നെ ഞെട്ടിച്ചെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. രാജി നൽകിയ ശേഷം അദ്ദേഹം ഡൽഹിയിലെ ബംഗാൾ ഭവനിൽ എത്തിയെങ്കിലും മാധ്യമങ്ങളെ നേരിൽ കാണാൻ തയ്യാറായില്ല.
സി.വി. ആനന്ദബോസിനൊപ്പം ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്തയും രാജിവെച്ചിട്ടുണ്ട്. കൂടുതൽ ഗവർണർമാർ വരും ദിവസങ്ങളിൽ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് സൂചന. പുതിയ ഗവർണർമാരുടെ പട്ടിക കേന്ദ്ര സർക്കാർ ഉടൻ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഭരണപരമായ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഇതിനെ കാണുന്നത്.
