തിരുവനന്തപുരം: വിദേശത്തുനിന്നും ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.86 കോടി രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് ഡോക്ടർമാരെ കസ്റ്റംസ് പിടികൂടി. കൊല്ലം സ്വദേശി ആനന്ദ് ജയപ്രകാശ് (34), ഇയാളുടെ സുഹൃത്തും ജൂനിയറുമായ കണ്ണൂർ സ്വദേശി ലിബിൻദാസ് (27) എന്നിവരാണ് അറസ്റ്റിലായത്. സിങ്കപ്പൂരിൽനിന്നും വ്യാഴാഴ്ച രാത്രി സ്കൂട്ട് എയർലൈൻസിൽ എത്തിയ ഇവരിൽനിന്ന് 1.86 കിലോ തൂക്കം വരുന്ന ലഹരിമരുന്നാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിൽനിന്നും എം.ബി.ബി.എസ്. പൂർത്തിയാക്കിയവരാണ് ഇരുവരും.
ഒരാഴ്ച മുൻപ് തായ്ലൻഡിലെത്തിയ ആനന്ദ് അവിടെനിന്നാണ് ഹൈബ്രിഡ് കഞ്ചാവ് വാങ്ങിയത്. തായ്ലൻഡിൽനിന്നുള്ള യാത്രക്കാരെ കസ്റ്റംസ് കർശനമായി പരിശോധിക്കുമെന്നതിനാൽ, പരിശോധനയിൽനിന്ന് രക്ഷപ്പെടാൻ ആനന്ദ് ഒരു തന്ത്രം പ്രയോഗിച്ചു. സിങ്കപ്പൂർ വിമാനത്താവളത്തിൽ വെച്ച് കണ്ടുമുട്ടിയ ജൂനിയർ വിദ്യാർത്ഥി ലിബിൻദാസിനോട് ലഹരിമരുന്ന് അടങ്ങിയ ബാഗ് കൈമാറുകയും തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതിഫലമായി ആനന്ദ് നൽകിയ വാഗ്ദാനങ്ങൾ വിശ്വസിച്ചാണ് ലിബിൻ ദാസ് ബാഗ് ഏറ്റെടുത്തത്.
തിരുവനന്തപുരത്ത് എത്തിയപ്പോൾ ആനന്ദ് പരിശോധനകൾ കഴിഞ്ഞ് സുരക്ഷിതമായി പുറത്തുകടന്നെങ്കിലും, ലിബിൻദാസിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു. ലഗേജ് പരിശോധിച്ചപ്പോൾ ആറ് പ്ലാസ്റ്റിക് കവറുകളിലായി ഒളിപ്പിച്ച നിലയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആനന്ദിന്റെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചു. വിമാനത്താവളത്തിൽനിന്ന് രക്ഷപ്പെട്ട ആനന്ദിനെ കസ്റ്റംസ് പ്രത്യേക സംഘം പിന്നീട് പിന്തുടർന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തു.
