ആലപ്പുഴ: സി.പി.എം വിടുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിൽ മുതിർന്ന നേതാവ് ജി. സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചു. പുന്നപ്ര പറവൂരിലെ തന്റെ വസതിയിൽ രാവിലെ 11 മണിക്കാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതടക്കമുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
മത്സരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് സുധാകരൻ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, താനുമായി വ്യക്തിപരമായി അടുപ്പമുള്ള പ്രാദേശിക സി.പി.എം പ്രവർത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. പാർട്ടി അംഗത്വം പുതുക്കില്ലെന്ന ഫേസ്ബുക്ക് കുറിപ്പിന് ശേഷം സുധാകരൻ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെന്നത് നാളത്തെ വാർത്താസമ്മേളനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
പാർട്ടി നേതൃത്വത്തിന്റെ അനുനയ നീക്കങ്ങളോട് സുധാകരൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതേസമയം, സുധാകരന്റെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രം അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് യു.ഡി.എഫിന്റെ നീക്കം. ഇടതുപക്ഷ കോട്ടയിൽ സുധാകരൻ സ്വതന്ത്രനായി ഇറങ്ങിയാൽ അത് ജില്ലയിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ പാടെ മാറ്റാൻ സാധ്യതയുണ്ട്.
