സിപിഎമ്മിൽ വൻ പൊട്ടിത്തെറി; ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും; പ്രഖ്യാപനം ഇന്ന് 11 മണിക്ക്

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. പാർട്ടി നേതൃത്വം നടത്തിയ അവസാനവട്ട അനുനയ ചർച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് സുധാകരനെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

മത്സരരംഗത്തുണ്ടാകണമെന്ന തന്റെ താല്പര്യം ഇന്നലെ വീട്ടിലെത്തിയ പാർട്ടി നേതാക്കളെ അദ്ദേഹം വീണ്ടും അറിയിച്ചിരുന്നു. എന്നാൽ, പാർട്ടി നിശ്ചയിച്ചിട്ടുള്ള പൊതു മാനദണ്ഡപ്രകാരമാണ് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. ഇതോടെ, തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് സുധാകരനും നേതൃത്വത്തെ വ്യക്തമായി അറിയിച്ചു.

​ഇന്ന് 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചാൽ വളരെ കരുതലോടെ നീങ്ങാൻ സിപിഎം തങ്ങളുടെ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കീഴ്ഘടകങ്ങളിൽ കൃത്യമായ വിശദീകരണം നൽകണമെന്നും ഇന്നലെ രാത്രി ചേർന്ന അടിയന്തര ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സുധാകരന്റെ നീക്കം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.