സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി, കുടിശ്ശികയുള്ള 10 ശതമാനം ക്ഷാമബത്ത (DA) അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ നൽകിയ ഉറപ്പിന് പിന്നാലെയാണ് ഈ നടപടി. കഴിഞ്ഞ ആഴ്ച അനുവദിച്ച 3 ശതമാനത്തിന് പുറമെ, ഇപ്പോൾ 10 ശതമാനം കൂടി അനുവദിച്ചതോടെ ബജറ്റിൽ പ്രഖ്യാപിച്ച 13 ശതമാനം ഡി.എ കുടിശ്ശികയും പൂർണ്ണമായും വിതരണം ചെയ്തു. മാർച്ചിലെ ശമ്പളത്തോടൊപ്പം ഈ തുക ജീവനക്കാർക്ക് ലഭിക്കും.
പുതിയ ഉത്തരവ് നിലവിൽ വന്നതോടെ സർക്കാർ ജീവനക്കാരുടെ ആകെ ഡി.എ നിരക്ക് 35 ശതമാനമായി ഉയർന്നു. നേരത്തെ ഇത് 22 ശതമാനമായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഈ വർധനവിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ല. ഇതോടൊപ്പം ബജറ്റിൽ പ്രഖ്യാപിച്ച ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു.
