കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേരള ഹൈക്കോടതിയിൽ നിന്ന് വലിയ തിരിച്ചടി. വെള്ളാപ്പള്ളിയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ കോടതി, അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരടക്കം ബോർഡ് അംഗങ്ങളായ 170 പേരെയും അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനനും നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
കഴിഞ്ഞ ഒമ്പത് വർഷമായി എസ്എൻഡിപി യോഗത്തിന്റെ വാർഷിക വരവ് ചെലവ് കണക്കുകൾ കൃത്യമായി നൽകിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. തുടർച്ചയായി മൂന്ന് വർഷം അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ ഭാരവാഹികളെ അയോഗ്യരാക്കാം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കിയിട്ടില്ലെന്നും, ഡയറക്ടർമാർക്ക് ആവശ്യമായ ഡിൻ (DIN) നമ്പർ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നതാണ് ഈ വിധി.
