എസ്എൻഡിപി ഭാരവാഹികളുടെ അയോഗ്യതയ്ക്ക് സ്റ്റേ; വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ ആശ്വാസം

എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവരടങ്ങുന്ന ഭാരവാഹികൾക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാനാകും. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ ആശ്വാസകരമായ നടപടി.​

കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) ആണെന്നും, അത്തരം വിഷയങ്ങളിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നുമാണ് അപ്പീലിലെ പ്രധാന വാദം. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറുമായി (DIN) ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമപരമായി നിലനിൽക്കില്ലെന്ന വാദം കോടതി പരിഗണിക്കുകയായിരുന്നു.