കേരളം ചുട്ടുപൊള്ളുന്നു: താപനില ഉയരുന്നു, പകൽ 10 മുതൽ 3 വരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ വേനൽക്കാലത്തിന് മുമ്പേ കഠിനമായ ചൂട് അനുഭവപ്പെടുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മിക്കയിടങ്ങളിലും താപനില സാധാരണയേക്കാൾ 2°C മുതൽ 4°C വരെ വർധിക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 37.2°C കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തി. പാലക്കാട്, വെള്ളാണിക്കര, പുനലൂർ, തിരുവനന്തപുരം വിമാനത്താവളം ഒഴികെയുള്ള പ്രധാന കേന്ദ്രങ്ങളിലെല്ലാം സാധാരണയേക്കാൾ ഉയർന്ന ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്.
​ചൂട് വർധിക്കുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. അൾട്രാവയലറ്റ് സൂചിക ഉയർന്നുനിൽക്കുന്ന പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.