ഹോർമൂസ് കടലിടുക്കിൽ ഗതാഗതം നിരോധിച്ചു; ആഗോള എണ്ണവിപണി പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമൂസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് നൽകിയത്. വിലക്ക് ലംഘിച്ച് കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന കർശന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ഇതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം നിലവിൽ പൂർണ്ണമായും നിശ്ചലമായ അവസ്ഥയിലാണ്.​

കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധന വിതരണം പ്രതിസന്ധിയിലാവുകയും എണ്ണവില കുതിച്ചുയരാൻ സാധ്യത തെളിയുകയും ചെയ്തിട്ടുണ്ട്. ഏതാനും ദിവസത്തേക്ക് മാത്രമാണ് ഗതാഗതം തടസ്സപ്പെടുന്നതെങ്കിൽ പോലും അത് ഗ്യാസ്, എണ്ണ വിപണികളെ സാരമായി ബാധിക്കും. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ, ഇറാന്റെ ആക്രമണത്തെത്തുടർന്ന് സൗദിയിലെ അരാംകോയുടെ വിവിധ പ്ലാന്റുകളും കുവൈറ്റിലെ ചില റിഫൈനറികളും പ്രവർത്തനം നിർത്തിയതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.