കലൂർ സ്റ്റേഡിയം ഗേറ്റ് തകർന്നു വീണ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജി.സി.ഡി.എ

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ഗേറ്റ് തകർന്നു വീണ സംഭവത്തിൽ ജി.സി.ഡി.എ (GCDA) അന്വേഷണത്തിന് നിർദ്ദേശം നൽകി. ജി.സി.ഡി.എയിലെ എൻജിനീയറിങ് വിഭാഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. അപകടത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.​

നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിന് മുന്നിൽ പുതുതായി സ്ഥാപിച്ച ഗേറ്റാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. ഗേറ്റ് വീഴുന്ന സമയം ആ വഴി വന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്കാണ് ഇത് പതിച്ചത്. തലനാരിഴയ്ക്കാണ് ഓട്ടോ ഡ്രൈവർ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഗേറ്റ് നിർമ്മാണത്തിലെ അശാസ്ത്രീയതയും ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.