കാഞ്ഞങ്ങാട്: വിവാഹമോചനം നേടിയ യുവതി മുൻ ഭർത്താവിന് 16 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണം തിരികെ നൽകണമെന്ന് കാഞ്ഞങ്ങാട് ജില്ലാ കുടുംബകോടതി ഉത്തരവിട്ടു. നീലേശ്വരം കോട്ടപ്പുറം സ്വദേശിയും പ്രവാസിയുമായ പി.സി. ഷിഹാബുദീൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി. വിവാഹസമയത്ത് മഹറായി നൽകിയതും പിന്നീട് വിവിധ ഘട്ടങ്ങളിലായി ഭാര്യയ്ക്ക് നൽകിയതുമായ സ്വർണ്ണാഭരണങ്ങൾ തിരികെ ലഭിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ഷിഹാബുദീന്റെ ഭാര്യ നേരത്തെ ഇതേ കുടുംബകോടതിയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താൻ നൽകിയ സ്വർണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് ഷിഹാബുദീൻ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കുടുംബകോടതി ജഡ്ജി സി. ദീപു, പരാതിക്കാരന്റെ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് സ്വർണം കൈമാറാൻ ഉത്തരവിടുകയായിരുന്നു.
നീലേശ്വരത്തെ അഭിഭാഷകൻ എം. അബ്ദുൾ കരീമാണ് ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായത്. വിവാഹമോചനത്തിന് ശേഷമുള്ള സ്വത്ത് തർക്കങ്ങളിലും സ്വർണ്ണം തിരികെ നൽകുന്നതിലും കോടതി സ്വീകരിച്ച ഈ നിലപാട് ശ്രദ്ധേയമാണ്. 16 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ നിശ്ചിത സമയത്തിനകം ഹർജിക്കാരന് കൈമാറാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
