ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണി കുടുങ്ങി: കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കഴക്കൂട്ടത്തെ സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവിന് പോലീസ് കേസെടുത്തത്. മേനംകുളം സ്വദേശിനി ഷീബ പ്രമോദിന്റെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. അപ്പൻഡിസൈറ്റിസ് പഴുത്തു പൊട്ടിയതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 3-നാണ് ഷീബ ചികിത്സ തേടിയത്. തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബർ 12-ന് ഡിസ്ചാർജ് ചെയ്തെങ്കിലും മാസങ്ങളോളം യുവതിക്ക് കഠിനമായ വേദന അനുഭവിക്കേണ്ടി വന്നു.​

ശസ്ത്രക്രിയയ്ക്ക് ശേഷവും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുപ്പ് ബാധിച്ചതോടെ യുവതി മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിൽ മുറിവിലൂടെ നൂൽ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വയറിനുള്ളിൽ പഞ്ഞിയും തുണിയും കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. മൂന്ന് മാസത്തോളം നീണ്ട ശാരീരിക വേദനയ്ക്കും ദുരിതത്തിനും പിന്നാലെയാണ് ഇപ്പോൾ നിയമനടപടികളുമായി കുടുംബം മുന്നോട്ട് പോയിരിക്കുന്നത്.