​ചട്ടലംഘനം നടത്തിയാൽ പണി കിട്ടും: 100 മിനിറ്റിൽ പരിഹാരം; സി-വിജിൽ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ചട്ടലംഘനങ്ങൾ സംബന്ധിച്ച പരാതികൾ വെറും 100 മിനിറ്റിനുള്ളിൽ പരിഹരിക്കാനുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഫ്ലൈയിംഗ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ ദുരുപയോഗം ചെയ്യുന്നത് തടയുക, പൊതുഖജനാവിൽ നിന്നുള്ള പരസ്യങ്ങൾ നിരോധിക്കുക എന്നിവ കർശനമായി പാലിക്കണം. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിങ്ങോ പാടില്ലെന്നും ഉടമയുടെ അനുമതിയില്ലാതെ സ്വകാര്യ മതിലുകളിലോ കെട്ടിടങ്ങളിലോ പോസ്റ്ററുകളും കൊടിതോരണങ്ങളും സ്ഥാപിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി.​

പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പരാതികൾ അറിയിക്കാൻ 1950 എന്ന നമ്പറിൽ കോൾ സെന്റർ സൗകര്യം ലഭ്യമാണ്. കൂടാതെ ‘സി-വിജിൽ’ (cVIGIL) ആപ്പ് വഴിയും പരാതികൾ റിപ്പോർട്ട് ചെയ്യാം. യോഗങ്ങൾക്കും ഘോഷയാത്രകൾക്കും പോലീസിനെ മുൻകൂട്ടി അറിയിക്കുകയും ഉച്ചഭാഷിണികൾക്ക് മുൻകൂർ അനുമതി വാങ്ങുകയും വേണം. മൈതാനങ്ങളും ഹെലിപാഡുകളും ഉപയോഗിക്കുന്നതിന് ‘സുവിധ’ (Suvidha) മോഡ്യൂൾ വഴി അപേക്ഷിക്കാം. ‘ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം’ എന്ന ക്രമത്തിലായിരിക്കും ഇത്തരം പൊതുവിടങ്ങൾ അനുവദിക്കുക.

​മന്ത്രിമാർ ഔദ്യോഗിക ജോലികളെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി കൂട്ടിക്കലർത്തരുതെന്നും സർക്കാർ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെയോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും എല്ലാ പാർട്ടികൾക്കും തുല്യ പരിഗണന നൽകണമെന്നും കമ്മീഷൻ ഓർമ്മിപ്പിച്ചു. ഇതിനിടെ, കൊച്ചിയിൽ ആൻ്റി ഡീഫേസ്‌മെൻ്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ 350-ഓളം പ്രചരണ ബോർഡുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്.