നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം പൂർത്തിയായി; സംസ്ഥാനത്ത് ലഭിച്ചത് 1269 പത്രികകൾ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ അവസാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള അന്തിമ റിപ്പോർട്ടുകൾ കൂടി എത്തുന്നതോടെ ഈ എണ്ണത്തിൽ നേരിയ മാറ്റമുണ്ടായേക്കാം. പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളെല്ലാം അവസാന ദിനമായ ഇന്ന് പത്രികകൾ സമർപ്പിച്ചു.​

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (പറവൂർ), ജോസ് കെ. മാണി (പാല), മേജർ രവി (ഒറ്റപ്പാലം), അപു ജോൺ ജോസഫ് (തൊടുപുഴ), ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), കെ.എസ്. ശബരിനാഥൻ (നേമം), ബി. ഗോപാലകൃഷ്ണൻ (ഗുരുവായൂർ), പി.കെ. ഫിറോസ് (കൊടുവള്ളി), അഖിൽ മാരാർ (തൃക്കാക്കര), ശ്യാംരാജ് (മാനന്തവാടി), എ.കെ. ശശീന്ദ്രൻ (എലത്തൂർ), പി.വി. അൻവർ (ബേപ്പൂർ), വി.എസ്. ശിവകുമാർ (അരുവിക്കര), സുധീർ കരമന (തിരുവനന്തപുരം), കരമന ജയൻ (തിരുവനന്തപുരം) തുടങ്ങിയ പ്രമുഖർ ഇന്ന് പത്രിക സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. കൂടാതെ പയ്യന്നൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക നൽകി.