കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ പോളിംഗ് 40 ശതമാനം കടന്നിരുന്നു. ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 47.9 ശതമാനം വോട്ടർമാർ ഇതിനകം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. നിലവിലെ ട്രെൻഡ് അനുസരിച്ച് ഇത്തവണത്തെ പോളിംഗ് 80 ശതമാനത്തിന് മുകളിൽ പോകുമെന്നാണ് വിലയിരുത്തൽ. രാവിലെ മുതൽ തന്നെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാർ വിധിയെഴുതുന്ന ഈ തെരഞ്ഞെടുപ്പിൽ 883 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 23 ദിവസം നീണ്ടുനിന്ന തീപാറുന്ന പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നടൻ മോഹൻലാൽ എന്നിവരും വിവിധ സ്ഥാനാർത്ഥികളും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
