തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രമുഖ സ്ഥാനാർത്ഥികളെല്ലാം ഇന്ന് പത്രിക സമർപ്പിക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരടക്കം ഭരണപക്ഷത്തെ പ്രമുഖരുടെ നിര ഇന്ന് വരണാധികാരികൾക്ക് മുമ്പാകെ എത്തും. റോഡ് ഷോകളും വാദ്യമേളങ്ങളുമായി വലിയ ശക്തിപ്രകടനം നടത്തിയാണ് ഓരോ മുന്നണിയും പത്രികാ സമർപ്പണത്തിന് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ വ്യാഴാഴ്ച തന്നെ ധർമടം മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിരുന്നു.
പ്രതിപക്ഷ നിരയിൽ നിന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ തുടങ്ങിയവർ ഇന്ന് പത്രിക നൽകും. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്. നേമത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന അവകാശവാദവുമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിക്കും. ഒപ്പം വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവരും ബിജെപി നിരയിൽ നിന്ന് ഇന്ന് പത്രിക നൽകുന്ന പ്രമുഖരാണ്.
തിങ്കളാഴ്ച (മാർച്ച് 23) ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഞായറാഴ്ച അവധിയായതിനാൽ പത്രിക നൽകാൻ ഇന്ന് കഴിഞ്ഞാൽ തിങ്കളാഴ്ച മാത്രമേ ഇനി അവസരമുള്ളൂ.
