തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള ഭാഷാ ബില്ലിന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കി അയച്ച ബില്ലിലാണ് ഗവർണർ ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്. ബില്ല് ഒപ്പിടാൻ വൈകിയത് നേരത്തെ വലിയ ആശങ്കകൾക്ക് വഴിതെളിച്ചിരുന്നു.
2015-ൽ ഇത്തരമൊരു ബില്ലിനായി സർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും അന്ന് വലിയ പ്രതിസന്ധികളാണ് നേരിട്ടത്. അന്നത്തെ ഗവർണർ ജസ്റ്റിസ് പി. സദാശിവവും പിന്നീട് രാഷ്ട്രപതിയും ആ ബില്ല് തിരിച്ചയച്ചു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് അയൽസംസ്ഥാനമായ കർണാടക രംഗത്തുവന്നതും അന്ന് തിരിച്ചടിയായിരുന്നു.
ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് 2025-ൽ സർക്കാർ പുതിയ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിന് അംഗീകാരം നേടിയെടുക്കുന്നതിനായി കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ചർച്ചകൾ നടത്തിയിരുന്നു. ഈ ഇടപെടലുകൾക്കും കാത്തിരിപ്പിനുമൊടുവിലാണ് ഇപ്പോൾ ബില്ല് നിയമമായിരിക്കുന്നത്.
