തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ ജീവനക്കാരെ പ്രീതിപ്പെടുത്താനായി രണ്ട് പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാർ ഒരുങ്ങുന്നു. പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി ഉയർത്തുക, ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുക എന്നിവയാണ് പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് മുൻകൈ എടുക്കുന്ന ഈ നീക്കങ്ങൾ നയപരമായ തീരുമാനങ്ങളായതിനാൽ എൽഡിഎഫിലും സിപിഎമ്മിലും കൂടുതൽ ചർച്ചകൾ ആവശ്യമാണ്.
നിലവിൽ അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ഭാഗമായതിനാൽ അവരുടെ പെൻഷൻ പ്രായം ഇപ്പോൾ തന്നെ 60 ആണ്. ബാക്കിയുള്ള മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂടി വർധിപ്പിക്കുന്നതിലൂടെ പെൻഷൻ പ്രായം ഏകീകരിക്കുകയാണ് ചെയ്യുന്നതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വാദം. എങ്കിലും, ജനങ്ങളിൽ നിന്ന് ഉണ്ടാകാനിടയുള്ള എതിർപ്പ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക ചർച്ചകൾ നീണ്ടുപോകാൻ കാരണമാകുന്നുണ്ട്.
പെൻഷൻ പ്രായം ഉയർത്തുന്നത് വഴി അടുത്ത മൂന്ന് വർഷത്തേക്ക് ജീവനക്കാർ വിരമിക്കില്ല എന്നത് സർക്കാർ ഖജനാവിന് വലിയ ആശ്വാസമാകും. പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനായുള്ള ഭീമമായ തുക തൽക്കാലം ലാഭിക്കാം എന്നതാണ് ഇതിന്റെ ഗുണം. എന്നാൽ, ഇത് പിഎസ്സി റാങ്ക് പട്ടികയിൽ ഇടംപിടിച്ച് ജോലി കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്ക് വലിയ തിരിച്ചടിയാകും. പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വൈകുമെന്നത് യുവാക്കൾക്കിടയിൽ സർക്കാരിനെതിരെ പ്രതിഷേധത്തിന് ഇടയാക്കിയേക്കാം.
പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്ന വിഷയത്തിൽ എല്ലാ സർവീസ് സംഘടനകളും സർക്കാരുമായി യോജിക്കുന്നുണ്ട്. എന്നാൽ ഇത് സർക്കാർ സേവനങ്ങളെ ബാധിക്കുമോ എന്ന ആശങ്ക സർക്കാരിനുണ്ട്. സർട്ടിഫിക്കറ്റ് വിതരണമടക്കം പല സേവനങ്ങളും ഇപ്പോൾ ഓൺലൈൻ വഴിയാണെങ്കിലും, ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇതിന് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ആഴ്ചയിൽ രണ്ട് ദിവസം അവധി നൽകുന്നത് സേവനങ്ങൾ വൈകാൻ ഇടയാക്കുമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്.
