ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റാനുള്ള ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷിൽ ‘Kerala’ എന്നും ഹിന്ദിയിൽ ‘Keral’ എന്നും ഉപയോഗിക്കുന്നത് ഒഴിവാക്കി, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളിലും ‘കേരളം’ എന്ന് തന്നെ നിലനിർത്തണമെന്ന കേരള നിയമസഭയുടെ ഐകകണ്ഠേനയുള്ള പ്രമേയമാണ് ഇപ്പോൾ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്രം ചില സാങ്കേതിക മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു, ഇത് പരിഹരിച്ചാണ് രണ്ടാം തവണയും പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടിക്രമങ്ങൾ അനുസരിച്ച്, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെ രാഷ്ട്രപതി ഈ ബില്ല് കേരള നിയമസഭയുടെ അഭിപ്രായം തേടുന്നതിനായി അയക്കും. സംസ്ഥാന നിയമസഭയുടെ മറുപടി ലഭിച്ച ശേഷം, രാഷ്ട്രപതിയുടെ ശുപാർശയോടെ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കും.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ബില്ല് അവതരിപ്പിക്കാനാണ് സാധ്യത. 2011-ൽ ഒറീസ എന്ന പേര് മാറ്റി ഒഡീഷ എന്നാക്കിയതിന് സമാനമായ നടപടിക്രമങ്ങളാണ് കേരളത്തിന്റെ കാര്യത്തിലും പിന്തുടരുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പേര് മാറ്റം പ്രാബല്യത്തിൽ വരുമെന്നാണ് കരുതപ്പെടുന്നത്.
🥶
