കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട് വെച്ച് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു.​

നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മോദാക്കല്ലിലെ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. നിലവിൽ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.