തിരുവനന്തപുരം: കോഴിക്കോട് നഗരത്തിലെ റോഡുകൾക്ക് കുറുകെയുള്ള കേബിളുകളാണ് ഡബിൾ ഡക്കർ ബസിന്റെ യാത്രയ്ക്ക് പ്രധാന തടസ്സമായി നിൽക്കുന്നത്. പലയിടങ്ങളിലും വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് കേബിളുകളും അഞ്ച് മീറ്ററിൽ താഴെ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബസിന്റെ മുകൾഭാഗം തുറന്ന നിലയിലായതിനാൽ യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ കൈകൾ ഉയർത്തുകയോ ചെയ്താൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ട്രാൻസ്പോർട്ട് വകുപ്പ് ആശങ്കപ്പെടുന്നു. കേബിളുകൾ ഏഴ് മീറ്ററിലധികം ഉയരത്തിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി.ക്കും സ്വകാര്യ ഇന്റർനെറ്റ് കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ബസ് സർവീസ് നടത്തുന്ന റൂട്ടിന്റെ കാര്യത്തിലും ടിക്കറ്റ് നിരക്കിന്റെ കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സർവീസ് നടത്താനാണ് അധികൃതർ ശ്രമിക്കുന്നത്. നിലവിൽ മാവൂർ റോഡ് കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിന്ന് ആരംഭിച്ച് അരയിടത്തുപാലം, സരോവരം, എരഞ്ഞിപ്പാലം, ഗാന്ധിറോഡ് മേൽപ്പാലം വഴി ബീച്ചിലെത്തി തിരികെ വരുന്ന റൂട്ടാണ് പരിഗണനയിലുള്ളത്. ബസ് ചാർജ് ചെയ്യുന്നതിനായുള്ള ഹൈസ്പീഡ് ചാർജർ ഇതിനകം ബസ് ടെർമിനലിൽ സ്ഥാപിച്ചു കഴിഞ്ഞു. നേരത്തെ കോർപ്പറേഷന്റെ സഹായത്തോടെ വഴിയോരത്തെ മരച്ചില്ലകൾ വെട്ടിമാറ്റി ബസിന് പോകാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
മുകളിൽ 36-ഉം താഴെ 28-ഉം സീറ്റുകളുള്ള ഈ അത്യാധുനിക ബസ് പൂർണ്ണമായും വിനോദസഞ്ചാര ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുക. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, മൂന്നാർ എന്നിവിടങ്ങളിൽ വിജയകരമായി ഓടുന്ന ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളുടെ മാതൃകയിലാണ് കോഴിക്കോട്ടും സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരക്കാഴ്ചകൾ മുകൾത്തട്ടിലിരുന്ന് ആസ്വദിക്കാൻ സാധിക്കുമെന്നതിനാൽ സഞ്ചാരികൾ വലിയ പ്രതീക്ഷയിലാണ്. എന്നാൽ കേബിളുകൾ ഉയർത്തുന്നതടക്കമുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങിയാൽ മാത്രമേ മലബാറിന്റെ ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാകൂ.
