കോഴിക്കോട്: കുന്ദമംഗലം ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനം. കൊടുവള്ളി കരുവൻപൊയിൽ സ്വദേശി അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് അസ്ലഹിനാണ് (14) പരിക്കേറ്റത്. ഇന്നലെ പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നിറങ്ങിയ അസ്ലഹിനെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളടങ്ങുന്ന 15 അംഗ സംഘം തടഞ്ഞുവെച്ച് സ്കൂളിന് സമീപത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് മർദ്ദിക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ മുടി വെട്ടിയ ശൈലിയും ധരിച്ചിരുന്ന ചെരുപ്പും ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ അസ്ലഹിന്റെ ശരീരമാസകലം പരിക്കേൽക്കുകയും മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു. പരിക്കേറ്റ മുഹമ്മദ് അസ്ലഹ് താമരശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
സംഭവത്തിൽ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളാണ് തന്നെ മർദ്ദിച്ചതെന്ന് അസ്ലഹ് മൊഴി നൽകിയിട്ടുണ്ട്. റാഗിങ്ങിനെതിരെയും മർദ്ദനത്തിനെതിരെയും കുട്ടിയുടെ കുടുംബം പരാതി നൽകിയതിനെ തുടർന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
