കുട്ടിയുടെ മാല തട്ടിപ്പറിച്ച് വിഴുങ്ങിയ യുവതി ആശുപത്രിയിൽ; എക്സ്റേയിൽ തെളിഞ്ഞത് മറ്റൊരു മോഷണരഹസ്യം

മലപ്പുറം : ​നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മാല തട്ടിപ്പറിച്ച് വിഴുങ്ങിയ കേസിൽ പ്രതിയായ സമീനയിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ്. 3.5 ഗ്രാം തൂക്കമുള്ള സ്വർണ്ണമാല വീണ്ടെടുക്കാൻ നിലമ്പൂരിലും മഞ്ചേരിയിലും വെച്ച് പലതവണ എനിമ നൽകിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് കോടതി അനുമതിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജറി വാർഡിലേക്ക് മാറ്റിയ പ്രതിയെ വീണ്ടും എക്സറേ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് കേസിൽ അപ്രതീക്ഷിത മാലാപ്പുകൾ ഉണ്ടായത്.
​പുതിയ എക്സറേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ മാലയ്ക്ക് പുറമെ ഒരു കമ്മൽ കൂടി ഉള്ളതായി കണ്ടെത്തി.

എന്നാൽ ഈ കമ്മൽ എവിടെ നിന്ന് മോഷ്ടിച്ചതാണെന്ന കാര്യം യുവതി വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഉടൻ ഒരു ശസ്ത്രക്രിയ നടത്തേണ്ടതില്ലെന്നാണ് ഡോക്ടർമാരുടെ തീരുമാനം.

മാലയും കമ്മലും കുടലിൽ നിന്നും താഴേക്ക് നീങ്ങിയതായും സ്വാഭാവികമായ രീതിയിൽ തന്നെ ഉടൻ പുറത്തുവരുമെന്നുമാണ് മെഡിക്കൽ സംഘം വിലയിരുത്തുന്നത്. രണ്ട് വനിതാ സി.പി.ഒമാരുടെ കർശന സുരക്ഷയിലാണ് പ്രതി ഇപ്പോൾ ആശുപത്രിയിലുള്ളത്