എൽഡിഎഫ് പ്രകടനപത്രിക പുറത്ത്: പെൻഷൻ 3000 രൂപ, എല്ലാവർക്കും ജോലി, സമ്പൂർണ്ണ പാർപ്പിട സംസ്ഥാനം; വമ്പൻ പ്രഖ്യാപനങ്ങൾ

കോഴിക്കോട് : ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. 60 ഇന കർമ്മപരിപാടികളും 950 വാഗ്ദാനങ്ങളും ഉൾപ്പെടുന്ന വിശദമായ പ്രകടനപത്രിക രണ്ട് പുസ്തകങ്ങളായാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ഷേമപെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കുമെന്നതാണ് ഇതിലെ പ്രധാന പ്രഖ്യാപനം. തൊഴിലില്ലായ്മ പരിഹരിക്കാൻ വലിയ മുൻഗണന നൽകുന്ന പത്രികയിൽ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ഉറപ്പാക്കുമെന്നും ഈ വർഷം തന്നെ 60,000 വിദ്യാർത്ഥികൾക്ക് ക്യാമ്പസ് പ്ലേസ്മെന്റ് നൽകുമെന്നും വാഗ്ദാനമുണ്ട്.​

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വമ്പിച്ച മാറ്റങ്ങളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ ആരോഗ്യ പരിരക്ഷയും എല്ലാവർക്കും പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യങ്ങളും ഉറപ്പാക്കും. കേന്ദ്രം എയിംസ് അനുവദിച്ചില്ലെങ്കിൽ രാജ്യാന്തര നിലവാരത്തിലുള്ള മെഡിക്കൽ ഗവേഷണ ആശുപത്രി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലൈഫ് മിഷൻ 2.0 പദ്ധതിയിലൂടെ കേരളത്തെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമായി മാറ്റും. സ്ത്രീകൾക്ക് 50 ശതമാനം തൊഴിൽ പങ്കാളിത്തവും അഭ്യസ്തവിദ്യർക്ക് പലിശരഹിത വായ്പയും പത്രികയിൽ ഉറപ്പുനൽകുന്നു.​

യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളും വാട്ടർ മെട്രോയുടെ വ്യാപനവും നടപ്പിലാക്കും. അതിവേഗ റെയിൽപ്പാതയ്ക്കായുള്ള ശ്രമം തുടരും. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാൻ നേറ്റിവിറ്റി കാർഡ് നൽകുമെന്നും ശബരിമല മാസ്റ്റർ പ്ലാൻ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും എൽഡിഎഫ് വാഗ്ദാനം ചെയ്യുന്നു. കെഎസ്ആർടിസിയിൽ ശമ്പള-പെൻഷൻ പരിഷ്കരണവും റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുന്ന പദ്ധതിയും പത്രികയിലുണ്ട്.​

വ്യവസായ മേഖലയിൽ അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരും. കേരള ബാങ്ക് നിക്ഷേപങ്ങൾ പ്രാദേശിക സംരംഭങ്ങൾക്ക് വായ്പയായി നൽകും. ജനങ്ങളുടെ ശാരീരികക്ഷമതയ്ക്കായി എല്ലാ വാർഡുകളിലും ’30 മിനിറ്റ് ഫിറ്റ്നസ് സർക്കിളുകൾ’ സ്ഥാപിക്കും. കൂടാതെ, ആട്-പോത്ത്-മുയൽ ഗ്രാമങ്ങൾ, പ്രതിരോധ സാങ്കേതിക ഹബ്ബ്, മാധ്യമപ്രവർത്തകർക്കുള്ള ക്ഷേമപദ്ധതികൾ തുടങ്ങിയ വൈവിധ്യമാർന്ന വാഗ്ദാനങ്ങളും ഇടതുമുന്നണി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.