​സീറ്റ് വിഭജനം അന്തിമമാക്കാൻ ഇടതുമുന്നണി യോഗം ഇന്ന്; കേരള കോൺഗ്രസ് നിലപാട് നിർണ്ണായകം

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഇടതുമുന്നണിയുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിൽ നടക്കുന്ന യോഗത്തിൽ, ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളിലെ ധാരണകൾ സിപിഎം വിശദീകരിക്കും. 13 സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ കടുംപിടുത്തവും, ഐഎൻഎല്ലിലെ ആഭ്യന്തര തർക്കങ്ങളും മുന്നണിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.​

കേരള കോൺഗ്രസിന് 12 സീറ്റുകൾ നൽകാൻ സിപിഎം തയ്യാറാണെങ്കിലും കുറ്റ്യാടി സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് പാർട്ടി. പതിമൂന്നാം സീറ്റിനായി കേരള കോൺഗ്രസ് സമ്മർദ്ദം തുടരുന്നത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ, പാർട്ടിയിൽ പിളർപ്പുണ്ടായെങ്കിലും കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റുകളും വേണമെന്ന ഐഎൻഎല്ലിന്റെ ആവശ്യത്തിലും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.​

മുന്നണി യോഗത്തിന് മുന്നോടിയായി സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. കെ.കെ. ശൈലജയെ മട്ടന്നൂരിന് പകരം പേരാവൂരിൽ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശത്തിന് സംസ്ഥാന നേതൃത്വം അംഗീകാരം നൽകും. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിലും സ്ഥാനാർത്ഥിയായേക്കും.