തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതൽ 21 വരെ

തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് തുടങ്ങും. ഈ മാസം 21 വരെയാണ് നറുക്കെടുപ്പ് നടപടികൾ തുടരുക.​സ്ത്രീകൾ, പട്ടികജാതി സ്ത്രീകൾ, പട്ടികവർഗ സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്കുള്ള സംവരണമാണ് ഇതിലൂടെ നിശ്ചയിക്കുന്നത്. മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകളുടെ ചുമതല തദ്ദേശ ജോയിന്റ് ഡയറക്ടർക്കും, കോർപ്പറേഷനുകളിലെ ചുമതല അർബൻ ഡയറക്ടർക്കുമാണ്.​941 പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്ന് മുതൽ 16 വരെയാണ് നടക്കുന്നത്. കണ്ണൂർ ജില്ലയിലേക്കുള്ള നറുക്കെടുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റ് ജില്ലകളിലേത് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളുകളിലുമായിരിക്കും. 152 ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഈ മാസം 18ന് രാവിലെ 10 മണിക്കാണ്. 14 ജില്ലാ പഞ്ചായത്തുകളിലെ വാർഡ് സംവരണത്തിനായുള്ള നറുക്കെടുപ്പ് 21ന് രാവിലെ 10 മണിക്ക് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളുകളിൽ വെച്ച് നടക്കും.