സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് സമീപമുള്ള അൽ ഖർജ് മേഖലയിൽ മിസൈൽ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ഈ ദാരുണ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. പ്രമുഖ ക്ലീനിങ് ആൻഡ് മെയിന്റനൻസ് കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലാണ് മിസൈൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപകടത്തിൽ പരിക്കേറ്റ 12 പേരും ബംഗ്ലാദേശ് പൗരന്മാരാണ്. മിസൈൽ ആക്രമണത്തെത്തുടർന്ന് കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്.
