നീരവ് മോദിക്ക് തിരിച്ചടി: ലണ്ടൻ കോടതി അപ്പീൽ തള്ളി; ഇന്ത്യയിലേക്ക് ഉടൻ കൈമാറിയേക്കും

ലണ്ടൻ കോടതിയിൽ നിന്നുള്ള പുതിയ തിരിച്ചടിയോടെ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾക്ക് വേഗമേറുന്നു. തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി സമർപ്പിച്ച അപ്പീലിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിൽ താൻ പീഡനത്തിന് ഇരയാകുമെന്ന നീരവിന്റെ വാദം കോടതി തള്ളിയതോടെ, ഇയാളെ വിട്ടു കിട്ടാനുള്ള ഇന്ത്യൻ ഏജൻസികളുടെ നീക്കങ്ങൾക്ക് ഇത് വലിയ കരുത്താകും.​

പഞ്ചാബ് നാഷണൽ ബാങ്കിൽ (PNB) നിന്ന് വ്യാജരേഖകൾ ചമച്ച് പതിനൊന്നായിരം കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള പ്രധാന കേസ്. 2018-ൽ അഴിമതി പുറത്തുവരികയും അന്വേഷണ ഏജൻസികൾ പിടിമുറുക്കുകയും ചെയ്തതോടെയാണ് ഇയാൾ രാജ്യം വിട്ട് ബ്രിട്ടനിലേക്ക് കടന്നത്. സ്വന്തം കമ്പനികളിലേക്ക് പണം വകമാറ്റിയ നീരവ്, തട്ടിപ്പിലൂടെ നേടിയ തുക വിദേശത്തേക്ക് കടത്തിയതായും സംശയിക്കപ്പെടുന്നു.​

നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് ഏകദേശം 14,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വായപ്പ തട്ടിപ്പ് കേസിൽ രാജ്യം വിട്ട പ്രമുഖരിൽ ഒരാളായ നീരവ് മോദിയെ തിരികെ എത്തിക്കുന്നത് ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ വലിയൊരു നിയമപോരാട്ടത്തിന്റെ വിജയമായി മാറും.