പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. കേസിലെ അതിജീവിതയുടെ രഹസ്യമൊഴി പാലക്കാട് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് കോടതി ഈ നടപടി സ്വീകരിച്ചത്. ഇതോടെ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് കൂടുതൽ മുറുകുകയാണ്.
കേസിൽ തെളിവ് ശേഖരണത്തിന്റെ ആദ്യഘട്ടമായി പ്രതിയുടെ ഡിജിറ്റൽ രേഖകളാണ് പോലീസ് പരിശോധിക്കുന്നത്. ഫോൺ വിളികളുടെ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ബലാത്സംഗം, എസ്സി-എസ്ടി പീഡന നിരോധന നിയമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതോടെ പ്രശോഭ് ഒളിവിൽ പോയിരിക്കുകയാണ്.
പ്രതി നിലവിൽ കേരളം വിട്ടതായാണ് പോലീസിന് ലഭിക്കുന്ന സൂചന. മുൻകൂർ ജാമ്യത്തിനായുള്ള നിയമപരമായ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് പ്രശോഭ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് നിഗമനം. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.
