കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് ഈ നടപടി. സഹോദരിയുടെ മരണത്തെത്തുടർന്ന് ജയിൽ സൂപ്രണ്ട് നൽകിയ അടിയന്തര പരോളിന് പുറമെയാണിത്. ഈ മാസം 3 മുതൽ പത്മരാജൻ പരോളിൽ ഇറങ്ങി. സാധാരണയായി ബലാത്സംഗം പോലുള്ള ഗുരുതരമായ കേസുകളിൽ ദീർഘകാല പരോൾ അനുവദിക്കാറില്ലെന്നിരിക്കെ, ഈ നടപടി ശ്രദ്ധേയമാണ്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ പത്തുവയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. കഴിഞ്ഞ നവംബർ 15-നാണ് തലശ്ശേരി അതിവേഗ പോക്‌സോ കോടതി പത്മരാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീവപര്യന്തം തടവിന് പുറമെ വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരം 40 വർഷം തടവും കോടതി വിധിച്ചിരുന്നു. പരമാവധി ശിക്ഷ ലഭിക്കാവുന്ന 376 എബി ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്.
കേസിന്റെ അന്വേഷണ ഘട്ടം മുതൽ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും, ഇടക്കാല കുറ്റപത്രത്തിൽ പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒടുവിൽ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിക്കെതിരെ ശിക്ഷാവിധി ഉണ്ടായത്.
