സിപിഎം വിട്ട് പികെ ശശി യുഡിഎഫിലേക്ക്? ഒറ്റപ്പാലത്ത് മത്സരിക്കാൻ നീക്കം; കോൺഗ്രസിൽ അതൃപ്തി

പാലക്കാട്: രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച്, ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് പി.കെ. ശശിയുടെ തീരുമാനം. സി‌പി‌എം വിമതരുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് അതിന്റെ സ്ഥാനാർത്ഥിയായി ജനവിധി തേടാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഒറ്റപ്പാലത്തെ യുഡിഎഫ് നേതൃത്വവുമായും കോൺഗ്രസ് – മുസ്ലീം ലീഗ് നേതാക്കളുമായും പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.​

എന്നാൽ, പി.കെ. ശശിയുടെ ഈ നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നത രൂക്ഷമാണ്. നേരത്തെ അദ്ദേഹത്തിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മുൻപ് ശശിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച സാഹചര്യത്തിൽ, പെട്ടെന്നൊരു മാറ്റം വോട്ടർമാരെ ബോധ്യപ്പെടുത്തുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.