തലസ്ഥാനത്ത് ആവേശക്കടലായി മോദിയുടെ റോഡ് ഷോ; സ്ഥാനാർത്ഥികൾക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് റോഡ് ഷോ നടത്തി. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ അദ്ദേഹം, തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരിയിൽ എത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നീണ്ട റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ ഈ പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പങ്കെടുത്തു.​

റോഡിന് ഇരുവശവും തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങൾ പൂക്കൾ വർഷിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തുറന്ന വാഹനത്തിൽ വളരെ സാവധാനത്തിൽ നീങ്ങിയ മോദി കൈവീശിയും പുഞ്ചിരിച്ചും ജനങ്ങളെ അഭിവാദ്യം ചെയ്തു. തിരുവല്ലയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചെങ്കിലും തിരുവനന്തപുരത്ത് പ്രസംഗമുണ്ടായിരുന്നില്ല. പൂക്കളും ആവേശമുയർത്തുന്ന മുദ്രാവാക്യങ്ങളുമായി മണിക്കൂറുകൾക്ക് മുൻപേ ജനങ്ങൾ വഴിയോരങ്ങളിൽ നിലയുറപ്പിച്ചിരുന്നു.