വിമാനയാത്രയിൽ യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. അതുകൊണ്ടുതന്നെ വിമാനത്തിനുള്ളിൽ കൊണ്ടുപോകാവുന്ന വസ്തുക്കളുടെ കാര്യത്തിൽ കൃത്യമായ നിബന്ധനകളുണ്ട്. പലപ്പോഴും യാത്രക്കാർ അശ്രദ്ധമായി ചില നിരോധിത വസ്തുക്കൾ ഹാൻഡ് ബാഗിലോ ചെക്ക്-ഇൻ ബാഗേജിലോ സൂക്ഷിക്കാറുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ അവ നീക്കം ചെയ്യുകയും യാത്രക്കാരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യും. ഇത് യാത്രക്കാർക്ക് അനാവശ്യ ബുദ്ധിമുട്ടുകൾക്കും സമയനഷ്ടത്തിനും കാരണമാകാറുണ്ട്.
തീപ്പെട്ടികൾ, ലൈറ്ററുകൾ, ഇന്ധനം, പെയിന്റ് തിന്നറുകൾ, ലൈറ്റർ ദ്രാവകം തുടങ്ങിയ വസ്തുക്കൾ വിമാനത്തിൽ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ഇവ അതീവ സെൻസിറ്റീവ് ആയ വസ്തുക്കളാണ്. വിമാനം ഉയർന്ന ഉയരത്തിൽ പറക്കുമ്പോൾ വായു മർദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ (Air pressure changes) മൂലം ഇത്തരം വസ്തുക്കൾ പെട്ടെന്ന് തീപിടിക്കാനുള്ള സാധ്യതയുണ്ട്. ഒരു ചെറിയ തീപ്പെട്ടിയോ ലൈറ്ററോ പോലും പറക്കുന്ന വിമാനത്തിൽ വലിയ അപകടത്തിന് കാരണമായേക്കാം എന്നതിനാലാണ് സുരക്ഷാ ഏജൻസികൾ ഇവയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഹാൻഡ് ബാഗിലോ ചെക്ക്-ഇൻ ബാഗിലോ നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ അത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. പരിശോധനയ്ക്കിടെ അത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷാ ഉദ്യോഗസ്ഥർ ലഗേജ് കണ്ടുകെട്ടാൻ സാധ്യതയുണ്ട്. കൂടാതെ, നിയമം ലംഘിക്കുന്ന യാത്രക്കാരിൽ നിന്ന് വലിയ തുക പിഴയായി ഈടാക്കാനും വ്യവസ്ഥയുണ്ട്. അതിനാൽ യാത്രയ്ക്ക് മുൻപായി വിമാനക്കമ്പനികൾ നൽകുന്ന ‘നിരോധിത വസ്തുക്കളുടെ പട്ടിക’ (Prohibited items list) കൃത്യമായി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
