വട്ടിയൂർക്കാവിൽ പോരാട്ടമുറപ്പിച്ച് ബിജെപി; സ്ഥാനാർഥിയായി ആർ. ശ്രീലേഖ, പ്രചാരണം നാളെ മുതൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ മത്സരിക്കും. ബിജെപിക്ക് വലിയ സ്വാധീനമുള്ള വട്ടിയൂർക്കാവിൽ ആവേശകരമായ പോരാട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്. നാളെ രാവിലെ 10.30-ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ട് ആർ. ശ്രീലേഖ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും.

​നിലവിൽ ശാസ്തമംഗലം കൗൺസിലർ കൂടിയായ ശ്രീലേഖയ്ക്ക് മണ്ഡലത്തിൽ മികച്ച ജനപിന്തുണയുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലമെന്ന നിലയിൽ വട്ടിയൂർക്കാവ് പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും നാളത്തെ ചടങ്ങിൽ സംബന്ധിക്കും.