ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി റമദാൻ വ്രതാരംഭം

ത്യാഗത്തിന്റെയും സഹനത്തിന്റെയും സനദേശമുയർത്തി സംസ്ഥാനത്ത് വിശുദ്ധ റമദാൻ വ്രതാരംഭത്തിന് തുടക്കമായി. ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ആത്മസമർപ്പണത്തിന്റെയും പുണ്യദിനങ്ങളാണ്. പുലർച്ചെ മുതൽ വൈകുന്നേരം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വ്രതമനുഷ്ഠിക്കുന്നതിനൊപ്പം, വാക്കിലും പ്രവൃത്തിയിലും തെറ്റുകൾ വരാതെ സൂക്ഷിക്കാനുള്ള ജാഗ്രതയും ഈ കാലയളവിൽ വിശ്വാസികൾ പുലർത്തുന്നു. ഇല്ലാത്തവന്റെ വിശപ്പറിയാനും ക്ഷമ, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താനുമുള്ള അവസരമായാണ് റമദാൻ മാസത്തെ കാണുന്നത്. ഖുറാൻ പാരായണവും പ്രത്യേക പ്രാർത്ഥനകളും കൊണ്ട് മസ്ജിദുകളും വീടുകളും സജീവമാകും.​പ്രാർത്ഥനകൾക്ക് പുറമെ ദാനധർമ്മങ്ങൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും ഈ മാസം വലിയ പ്രാധാന്യമാണ് നൽകുന്നത്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിക്കുകയും ഇഫ്താർ വിരുന്നുകളിലൂടെ സൗഹൃദം പുതുക്കുകയും ചെയ്യുന്ന മുപ്പത് ദിനരാത്രങ്ങളാണ് മുന്നിലുള്ളത്. വ്രതാരംഭത്തോടനുബന്ധിച്ച് പള്ളികളും ഭവനങ്ങളും നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ മതപ്രഭാഷണങ്ങളും ഇഫ്താർ സംഗമങ്ങളും വരുംദിവസങ്ങളിൽ നടക്കും. നോമ്പുതുറ വിപണികളും സജീവമായതോടെ സംസ്ഥാനം പൂർണ്ണമായും റമദാൻ മാസത്തിന്റെ വിശുദ്ധിയിലേക്ക് കടന്നുകഴിഞ്ഞു.