തിരുവനന്തപുരം: മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രശ്മി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അവർ അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രശ്മി. പാർട്ടി മാറ്റത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ, കോൺഗ്രസ് നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി അവർ പരസ്യമാക്കി.
നെഞ്ചോട് ചേർത്തുപിടിച്ച പ്രസ്ഥാനമായിരുന്നു കോൺഗ്രസെന്നും എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് തന്നെ പാർട്ടിയിൽ നിന്ന് അകറ്റിയതെന്നും രശ്മി പറഞ്ഞു. ഒരു വിഭാഗം തന്നെ മനപ്പൂർവ്വം ഒറ്റപ്പെടുത്തിയെന്നും പാർട്ടിയിലെ ഒരാൾ തന്നെക്കുറിച്ച് അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചെന്നും അവർ ആരോപിച്ചു. ഇക്കാര്യത്തിൽ നേതൃത്വത്തിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് രശ്മി കുറ്റപ്പെടുത്തി.
ഐഷാ പോറ്റി പാർട്ടിയിലേക്ക് വരുന്നതുകൊണ്ടല്ല താൻ മാറുന്നതെന്നും വ്യക്തമാക്കിയ രശ്മി, പാർട്ടി വിടുമെന്ന വാർത്ത വന്നപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൊടിക്കുന്നിൽ സുരേഷും മാത്രമാണ് തന്നോട് സംസാരിച്ചതെന്നും കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രശ്നങ്ങളല്ല തന്റെ തീരുമാനത്തിന് പിന്നിലെന്നും വരും ദിവസങ്ങളിൽ തന്റെ അനുഭവങ്ങൾ പൊതുസമൂഹത്തോട് തുറന്നു പറയുമെന്നും അവർ വ്യക്തമാക്കി. കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവർത്തനം തുടരുമെന്നും മത്സരകാര്യത്തിൽ പാർട്ടി അധ്യക്ഷൻ തീരുമാനമെടുക്കുമെന്നും രശ്മി അറിയിച്ചു.
