സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ

​തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെ നിയമിച്ചു. ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് ഈ വർഷത്തെ കായികമേള നടക്കുക. ഒളിമ്പിക്സ് മാതൃകയിലാണ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തലസ്ഥാന നഗരിയിലെ 12 വേദികളിലായി 39 ഇനങ്ങളിൽ 9232 മത്സരങ്ങൾ നടക്കും. 25,325 കായികതാരങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2000 ഭിന്നശേഷി കായിക താരങ്ങളും അണിനിരക്കും. മേളയുടെ ബ്രാൻഡ് അംബാസഡർ ആയതിലുള്ള സന്തോഷം പ്രകടിപ്പിച്ച് സഞ്ജു വി. സാംസൺ പ്രതികരിക്കുന്ന വീഡിയോ വിദ്യാഭ്യാസമന്ത്രി പങ്കുവെച്ചിട്ടുണ്ട്. “ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂൾ കായിക മേള ഇത്തവണ തിരുവനന്തപുരത്ത്. ഒക്ടോബർ 21 മുതൽ 28 വരെ നടക്കുന്ന കായികമേളയുടെ ഭാഗമാകാൻ ഞാനുമുണ്ട്. മേളയുടെ ബ്രാൻഡ് അംബാസഡർ ആകുന്നതിൽ ഏറെ സന്തോഷമുണ്ട്. കേരള സ്‌കൂൾ കായിക മേള 2025 വൻ വിജയമാക്കാൻ നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം,” എന്നും സഞ്ജു വീഡിയോയിൽ പറയുന്നു.