ടി20 ലോകകപ്പിലെ റൺവേട്ടക്കാരൻ സഞ്ജു സാംസൺ നാട്ടിലെത്തി; വിമാനത്താവളത്തിൽ ആയിരങ്ങൾ ഒഴുകിയെത്തി, ഔദ്യോഗിക സ്വീകരണം ഉടൻ

തിരുവനന്തപുരം: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ സ്വന്തം നാടായ തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെ വിമാനമിറങ്ങിയ താരത്തെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എംപി എന്നിവരും സഞ്ജുവിനെ സ്വീകരിക്കാൻ എത്തിയിരുന്നു. വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം ഉൾപ്പെടെ വലിയ പരിപാടികളാണ് സഞ്ജുവിനായി തിരുവനന്തപുരത്ത് ഒരുങ്ങുന്നത്. ആരാധകരുടെ പ്രാർത്ഥനയും പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും സഞ്ജു പ്രതികരിച്ചു.​

ഈ ലോകകപ്പിൽ വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടി ഇന്ത്യയുടെ ടോപ്പ് സ്കോററായ സഞ്ജു സാംസൺ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ അഭിഷേക് ശർമയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്ന് നമീബിയക്കെതിരായ മത്സരത്തിലാണ് സഞ്ജുവിന് ആദ്യമായി അവസരം ലഭിച്ചത്. എന്നാൽ പിന്നീട് നടന്ന നിർണ്ണായക മത്സരങ്ങളിൽ പ്ലേയിംഗ് ഇലവനിൽ ഇടം പിടിക്കാൻ താരത്തിന് സാധിച്ചില്ലെങ്കിലും കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പോരാട്ടവീര്യം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞു.