ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം

ബെംഗളൂരു : ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറ് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ദേശീയപാത 648-ൽ ഹൊസ്‌കോട്ടെയ്ക്ക് സമീപമുള്ള സത്യവര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.

രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട വലിയൊരു കൂട്ടിയിടിയാണ് അപകടത്തിന് കാരണമായത്.
​ദേവനഹള്ളി ഭാഗത്തേക്ക് അമിതവേഗത്തിൽ പോവുകയായിരുന്ന എക്സ് യു വി 700 (XUV700) കാർ മുന്നിലുണ്ടായിരുന്ന ബൈക്കിലിടിച്ചതാണ് അപകടങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തുണ്ടായിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയും പിന്നാലെ വന്ന മറ്റൊരു കാർ ഇതിലേക്ക് ഇടിച്ചു വീഴുകയുമായിരുന്നു.

കാറിലുണ്ടായിരുന്ന ആറ് പേരും ബൈക്ക് യാത്രക്കാരനായ ഗഗനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മരിച്ചവരിൽ അർഹൻ ശരീഫ്, അയാൻ അലി, ഏദൻ ജോർജ്, ഭരത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.


​മരിച്ചവരുടെ മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എസ്.പി ചന്ദ്രകാന്ത് സംഭവസ്ഥലം സന്ദർശിക്കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അമിതവേഗമാണോ അപകടത്തിന് കാരണമെന്ന് പോലീസ് ഗൗരവമായി പരിശോധിച്ചു വരികയാണ്.