ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പാർട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ എത്തിയിരുന്നു. നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ്യനിലയെക്കുറിച്ചോ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ കൃത്യമായ കാരണത്തെക്കുറിച്ചോ ഔദ്യോഗിക വിശദീകരണങ്ങൾ ലഭ്യമല്ല.
നേരത്തെ, ഈ വർഷം ജനുവരിയിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സോണിയ ഗാന്ധിയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവും കാരണം അവരുടെ ബ്രോങ്കിയൽ ആസ്ത്മ വർധിച്ചതായിരുന്നു അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഈ ഡിസംബറിൽ 79 വയസ്സ് തികയുന്ന അവർ നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വമായ സോണിയ ഗാന്ധി, ഉപരിസഭയിൽ എത്തുന്നതിന് മുൻപ് അഞ്ച് തവണ ലോക്സഭാ എംപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷപദവിയും അവർ അലങ്കരിച്ചിട്ടുണ്ട്.
