വാങ്കഡെയിൽ സഞ്ജു ഷോ! 42 പന്തിൽ 89 റൺസ്;ഇംഗ്ലണ്ടിന് 254 റൺസ് വിജയലക്ഷ്യം

2026 ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചുകൂട്ടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 42 പന്തിൽ നിന്ന് 8 ഫോറുകളും 7 സിക്സറുകളും അടക്കം 89 റൺസെടുത്ത സഞ്ജു, സെഞ്ചുറിക്ക് തൊട്ടടുത്തെത്തിയാണ് പുറത്തായത്.​മത്സരത്തിന്റെ തുടക്കത്തിൽ ഓപ്പണർ അഭിഷേക് ശർമയെ (9) വേഗത്തിൽ നഷ്ടമായെങ്കിലും സഞ്ജുവും ഇഷാൻ കിഷനും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിച്ചു. ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസെടുത്തു പുറത്തായി. തുടർന്ന് വന്ന ശിവം ദുബെയും (25 പന്തിൽ 43) ഹാർദിക് പാണ്ഡ്യയും (12 പന്തിൽ 27) സ്കോർ ഉയർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിനായി വിൽ ജാക്സ്, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 254 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് വാങ്കഡെയിലെ ബാറ്റിംഗ് അനുകൂല സാഹചര്യത്തിൽ മികച്ച തുടക്കം അനിവാര്യമാണ്.