ചോദ്യക്കടലാസ് മാറി: തലശ്ശേരിയിൽ ഒൻപതാം ക്ലാസ് പരീക്ഷ ഒന്നര മണിക്കൂർ വൈകി

കണ്ണൂർ: തലശ്ശേരി നോർത്ത് ബി.ആർ.സിക്ക് കീഴിലെ സ്കൂളുകളിൽ ഒൻപതാം ക്ലാസ് പരീക്ഷയ്ക്ക് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ് മാറി നൽകി. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയ്ക്കാണ് പത്താം തീയതി നടക്കേണ്ട എട്ടാം ക്ലാസിലെ ചോദ്യക്കടലാസ് വിതരണത്തിനെത്തിയത്. ചോദ്യക്കടലാസ് കവർ പൊട്ടിച്ച് കുട്ടികൾക്ക് നൽകാൻ തുടങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് പിഴവ് മനസ്സിലായത്.​

പിഴവ് തിരിച്ചറിഞ്ഞ ഉടൻ തന്നെ അധ്യാപകർ ബി.ആർ.സിയുമായി ബന്ധപ്പെടുകയും ശരിയായ ചോദ്യക്കടലാസ് എത്തിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ പല സ്കൂളുകളിലും രണ്ടരയ്ക്ക് ശേഷമാണ് തുടങ്ങാനായത്. ചോദ്യക്കടലാസ് മാറിയത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ കുട്ടികൾക്ക് വിതരണം ചെയ്തില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.