കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ ‘അഞ്ജലി പി.വി.’ എന്ന് തന്നെ തുടരും. തന്റെ പേര് ‘അഞ്ജലി നായർ’ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന സ്ഥാനാർത്ഥിയുടെ ആവശ്യം വരണാധികാരി നിരസിച്ചു. മാർച്ച് 31-നാണ് പേര് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും ആരംഭിച്ചിരുന്നതിനാൽ, ഈ ഘട്ടത്തിൽ പേരുമാറ്റം അനുവദിക്കാനാവില്ലെന്ന് വരണാധികാരി വ്യക്തമാക്കി.
നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോഴുള്ള ‘അഞ്ജലി പി.വി.’ എന്ന പേര് തന്നെയാകും ബാലറ്റ് പേപ്പറിലും ഉണ്ടാവുക. മണ്ഡലത്തിൽ അഞ്ജലി എന്ന് പേരുള്ള മറ്റ് സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാലും, ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേരിനൊപ്പം ചിഹ്നവും ഫോട്ടോയും കൃത്യമായി നൽകുന്നതിനാലും വോട്ടർമാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം, ബാലറ്റിലെ പേരുമാറ്റം അനുവദിക്കാത്തത് തന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് അഞ്ജലി നായർ പ്രതികരിച്ചു.
