യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി: പെൻഷൻ 3000 രൂപ, സൗജന്യ ബസ് യാത്ര, ശബരിമലയ്ക്ക് പ്രത്യേക നിയമം; വമ്പൻ വാഗ്ദാനങ്ങൾ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിർണ്ണായകമായ വാഗ്ദാനങ്ങളുൾപ്പെടുത്തി യുഡിഎഫ് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയിൽ രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പ്രകാശനം ചെയ്തത്. രാഹുൽ ഗാന്ധി മുൻപ് പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരന്റി’കൾക്ക് മുൻഗണന നൽകുന്ന പത്രികയിൽ, ശബരിമല ആചാര സംരക്ഷണം മുതൽ വിപുലമായ സാമൂഹിക ക്ഷേമ പദ്ധതികൾ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.​

സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ അവകാശമായി മാറ്റുമെന്നും അത് 3000 രൂപയായി വർദ്ധിപ്പിക്കുമെന്നുമാണ് പ്രധാന വാഗ്ദാനം. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരും. കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് റബർ താങ്ങുവില 300 രൂപയാക്കി ഉയർത്തും. സംസ്ഥാനത്തുടനീളം ഇന്ദിര കാന്റീനുകൾ വ്യാപിപ്പിക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ ക്യാമ്പസുകളിൽ റാഗിംഗ് വിരുദ്ധ പദ്ധതി നടപ്പിലാക്കും.​

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, കുടുംബങ്ങൾക്കായി 25 ലക്ഷം രൂപയുടെ ‘സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ എന്നിവയും പത്രികയിലെ ആകർഷകമായ പ്രഖ്യാപനങ്ങളാണ്. യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കാൻ 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ നൽകും. കൂടാതെ, മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പും സമാധാന-സഹിഷ്ണുതാ വകുപ്പുകളും രൂപീകരിക്കും. ദേവസ്വം ബോർഡിനെ അഴിമതി മുക്തമാക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.