തൃശൂർ: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണവുമായി ബന്ധപ്പെട്ട പരാതിയിൽ വാടാനപ്പള്ളി പോലീസ് കേസെടുത്തു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന്, ‘ചാമ്പ്യൻസ് ട്രേഡേഴ്സ്’ ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ് നടപടി. തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി. ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഏകദേശം 72,542 രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. കിറ്റുകൾ ഓർഡർ ചെയ്ത വ്യക്തിക്കെതിരെയും വരുംദിവസങ്ങളിൽ കേസെടുക്കാനാണ് സാധ്യത.തെരഞ്ഞെടുപ്പ് കലാശക്കൊട്ടിന് തൊട്ടുമുമ്പ് കിറ്റ് വിവാദം മുന്നണികൾക്കിടയിൽ വലിയ രാഷ്ട്രീയപ്പോരിന് കാരണമായിട്ടുണ്ട്. ബിജെപി വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റുകൾ തയ്യാറാക്കിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ആരോപിക്കുമ്പോൾ, ഇത് പ്രതാപന്റെ തന്നെ നാടകമാണെന്നാണ് ബിജെപി വാദിക്കുന്നത്. ബിജെപി നേതാവ് ഉൾപ്പെടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് എത്തിയതെന്നും ഗോഡൗണിൽ അദ്ദേഹത്തിന്റെ സാന്നിധ്യം സിസിടിവിയിൽ പതിയാത്തതിനാലാണ് അദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്താത്തതെന്നും പോലീസ് അറിയിച്ചു. അതേസമയം, പോലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടികൾ പക്ഷപാതപരമാണെന്ന് ആരോപിച്ച് കോൺഗ്രസും ഇടതുമുന്നണിയും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
